തലശ്ശേരി: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ആത്മഹത്യാ പ്രേരണക്കേസിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും സിപിഎമ്മിൻ്റെ പൊൻതാരകവുമായ പി.പി.ദിവ്യക്ക് ജാമ്യം കിട്ടി. ഒറ്റവാക്കിൽ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. പതിനൊന്ന് ദിവസമായി ജയിലിൽ കഴിയുന്ന ദിവ്യക്ക് ഇന്ന് തന്നെ പുറത്തിറങ്ങാൻ കഴിയും. അഞ്ചാം തീയതി വിശദമായ വാദം കേട്ട കോടതി ഇന്നത്തേക്ക് വിധി പറയാൻ മാറ്റി വെയ്ക്കുകയായിരുന്നു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ അതേ ജഡ്‌ജി തന്നെയാണ് ജാമ്യാപേക്ഷയിലും വിധി പറഞ്ഞത്.
വിധി ദിവ്യയ്ക്ക് ആശ്വാസകരമെന്ന് പ്രതിഭാഗം അഭിഭാഷകൻ കെ.വിശ്വൻ അഭിമാനത്തോടെ പറഞ്ഞു. വക്കീലിൻ്റെ അഭിമാനം കണ്ടാൽ, പി.പി. ദിവ്യ സ്വാതന്ത്യ സമരത്തിൽ ജയിലിൽ കിടന്ന ശേഷം ജാമ്യം കിട്ടി പുറത്തിറങ്ങിയതാണെന്ന് തോന്നിപ്പോകും. ഇനിയും വേറേയും തെളിവുകൾ പരിശോധിക്കാനുണ്ട് എന്നും ദിവ്യയുടെ നിരപരാധിത്വം തെളിയിക്കുമെന്നും വലിയ അഭിമാനത്തോടെയാണ് ദിവ്യയുടെ അഭിഭാഷകൻ പറയുന്നത്.
അഭിഭാഷകനുമായി ചർച്ച ചെയ്‌ത ശേഷം നിയമനടപടിയുമായി മുന്നോട്ടെന്ന് എഡിഎം നവീൻബാബുവിന്റെ ഭാര്യ മഞ്ജുഷയും പറഞ്ഞു. ജാമ്യം ലഭിക്കുമെന്ന് കുടുംബം പ്രതീക്ഷിച്ചിരുന്നില്ലെന്നും നിയമപോരാട്ടം തുടരുമെന്നും മഞ്ജുഷ പറഞ്ഞു.
ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതുകൊണ്ട് കാര്യങ്ങൾ അവസാനിക്കുന്നില്ലെന്ന് സിഐടിയു നേതാവ് മലയാലപ്പുഴ മോഹനൻ. ഗൂഢാലോചന അന്വേഷണിക്കണം. അന്വേഷണസംഘത്തിന് വേണ്ടത ജാഗ്രതയില്ല. ദിവ്യ പ്രസംഗിക്കുക മാത്രമെ ചെയ്തിട്ടുള്ളു, പിന്നിൽ മറ്റാരൊക്കെയോ ഉണ്ടെന്നും മലയാലപ്പുഴ മോഹനൻ പറഞ്ഞു.
യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങൾക്ക് പിന്നാലെയായിരുന്നു നവീൻ ബാബു ജീവനൊടുക്കിയത്. എഡിഎം കൈക്കൂലിആവശ്യപ്പെട്ടിരുന്നുവെന്ന് ആരോപിച്ച പി.പി. ദിവ്യ, പത്തനംതിട്ടയിൽ ഈ രീതിയിൽ പ്രവർത്തിക്കരുതെന്നും പറഞ്ഞിരുന്നു. രണ്ടു ദിവസത്തിനകം മറ്റു വെളിപ്പെടുത്തലുണ്ടാകുമെന്നും ദിവ്യ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ നവീൻ ബാബുവിനെ ക്വാർട്ടേഴ്‌സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Bail to the impolite tongue. PP Divya out